വളര്‍ച്ചയില്‍ ഇടിവ്; ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന് സര്‍വെ

വളര്‍ച്ചയില്‍ ഇടിവ്; ഉദാരവല്‍ക്കരണം
തീവ്രമാക്കണമെന്ന് സര്‍വെ
വി ബി പരമേശ്വരന്‍
ന്യൂഡല്‍ഹി: സാമ്പത്തിക ഉദാരവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും തീവ്രമാക്കണമെന്നും 2007-08ലെ സാമ്പത്തിക സര്‍വെ ശുപാര്‍ശ ചെയ്തു. സാമ്പത്തികവളര്‍ച്ച ഒമ്പത് ശതമാനമായി നിലനിര്‍ത്തണമെങ്കില്‍ വന്‍തോതില്‍ ഉദാരവല്‍ക്കരണം നടപ്പാക്കണമെന്ന് ധനമന്ത്രാലയത്തിന്റെ സര്‍വെ നിര്‍ദേശിക്കുന്നു. വളര്‍ച്ചനിരക്ക് ഒമ്പത് ശതമാനത്തില്‍നിന്ന് 8.7 ശതമാനമായി ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആക്കി ഉയര്‍ത്തണമെന്നും ആരോഗ്യ-കാര്‍ഷിക ഇന്‍ഷുറന്‍സ് മേഖലയില്‍ 51 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. ചെറുകിട വ്യാപാരത്തിന്റെ എല്ലാ മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കണം. ആഡംബരവസ്തുക്കള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനമേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കണം. നവരത്ന കമ്പനികളല്ലാത്തതും എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളുടെ അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറണം.

ഓഹരിക്കമ്പോളത്തില്‍ ലിസ്റ്റ് ചെയ്യാത്ത എല്ലാ പൊതുമേഖലാ കമ്പനികളും അതില്‍ ഉള്‍പ്പെടുത്തി പത്ത് ശതമാനം ഓഹരിയെങ്കിലും വില്‍ക്കണം. പുനരുദ്ധാരണത്തിന് സാധ്യതയില്ലാത്ത എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും വില്‍ക്കണം. പഴയ എണ്ണക്കിണറുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറണം

ഫാക്ടറി ആക്ടില്‍ ഭേദഗതി വരുത്തി ആഴ്ചയിലെ തൊഴില്‍മണിക്കൂര്‍ 48ല്‍ നിന്ന് 60ആയി ഉയര്‍ത്തണം. മെട്രോ നഗരങ്ങളിലെ ബസ് സര്‍വീസ് പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറണം. വൈദ്യുതിമേഖലയിലും സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തണം.

അമേരിക്കയില്‍ തുടങ്ങിയ സാമ്പത്തികമാന്ദ്യം ലോകസമ്പദ് വ്യവസ്ഥയെത്തന്നെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയെ അതില്‍നിന്ന് രക്ഷിക്കാന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടി മാത്രമാണ് മാര്‍ഗമെന്നാണ് സര്‍വെ പറയുന്നത്.

ആണവോര്‍ജ ഉല്‍പ്പാദനത്തിലും സ്വകാര്യവല്‍ക്കരണം അനുവദിക്കണമെന്ന് അമേരിക്കയുമായുള്ള സിവിലിയന്‍ സഹകരണ കരാറിന്റെ പശ്ചാത്തലത്തില്‍ സര്‍വെ ആവശ്യപ്പെടുന്നു. സ്വകാര്യവല്‍ക്കരണത്തില്‍ ഊന്നുന്ന പുതിയ പെന്‍ഷന്‍ പദ്ധതി മെയ് 31 ഓടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് സര്‍വെ വിശ്വാസം പ്രകടിപ്പിക്കുന്നു.

കല്‍ക്കരിഖനി ദേശസാല്‍ക്കൃതനിയമത്തില്‍ മാറ്റംവരുത്തണം. പഴയ കല്‍ക്കരിഖനികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറണം. പഞ്ചസാര, രാസവളം, ഔഷധവ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയണം. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കാര്‍ഷിക ബാങ്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കണം. ഈ ബാങ്കുകള്‍ക്ക് ഗ്രാമീണമേഖലയിലും ചെറിയ നഗരങ്ങളിലും എത്രവേണമെങ്കിലും ശാഖകള്‍ തുറക്കാനുള്ള അനുവാദവും നല്‍കണം. മറ്റ് സ്വകാര്യ ബാങ്കുകളെ ഏറ്റെടുക്കാന്‍ ഈ ബാങ്കുകള്‍ക്ക് അനുവാദം നല്‍കണം.

കാര്‍ഷിമേഖല, ഉല്‍പ്പാദന മേഖല, നിര്‍മ്മാണമേഖല എന്നിങ്ങനെ സുപ്രധാനമേഖലകളിലൊക്കെ തിരിച്ചടിയുണ്ടാകുമെന്ന്് സര്‍വ്വേ പറയുന്നു. വ്യവസായമേഖലയിലും വളര്‍ച്ച പിറകോട്ടാണ്. പണപ്പെരുപ്പ നിരക്ക് 4.1 ശതമാനമായി കുറയും. ഉല്‍പ്പാദന-നിര്‍മാണ വ്യവസായത്തില്‍ 2.5 ശതമാനം ഇടിവാണുണ്ടായത്. ഉരുക്ക് വ്യവസായത്തില്‍ 10 ശതമാനവും. ധനകമ്മി 3.3 ശതമാനമായും റെവന്യൂകമ്മി 1.5 ശതമാനമായും കുറയും. എന്നാല്‍ റെവന്യൂ ചെലവ് പ്രതീക്ഷിച്ചതിനേക്കാളും വര്‍ധിച്ചു. വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുണ്ടായി. വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ വരുമാനം 23.50 ശതമാനം വര്‍ധിച്ചു-സര്‍വേയില്‍ പറയുന്നു. ലോക്സഭയില്‍ ധനമന്ത്രി പി ചിദംബരവും രാജ്യസഭയില്‍ സഹമന്ത്രി പവന്‍കുമാര്‍ ബന്‍സലുമാണ് സര്‍വേ റിപ്പോര്‍ട് അവതരിപ്പിച്ചത്.

http://www.deshabhimani.com/news/lead.htm



Comments

Popular posts from this blog